ഹൃദയം പ്രണയ വർണ്ണങ്ങൾ കൊണ്ടു നിറയുന്ന പ്രണയ വാരത്തിന് ഇന്ന് തുടക്കം..
(Feb. 07-14)
ഇന്നു മുതൽ 14 ന് വാലൻ്റെയ്സ് ഡെ ആഘോഷത്തോടെ ശുഭപരിവസാനം കൊള്ളുന്ന പ്രണയവാരത്തിന് ക്യാമ്പസുകൾ ഒരുങ്ങി കഴിഞ്ഞു. പ്രകൃതിപ്പോലും...
പ്രഭാതങ്ങളെ തഴുകി തലോടി നനുത്തകാറ്റും, മഞ്ഞും നേരത്തെ തന്നെ വിരുന്നിനെത്തി.
കാറ്റ് തരുന്ന കുളിർമയും പ്രഭാത രശ്മികളുടെ ഇളം ചൂടും വല്ലാതെ വൈകാരികമാക്കുന്നു.
നല്ല ചന്തമുള്ള പ്രഭാതങ്ങൾ തീർച്ചയായും പ്രണയവാരത്തെ സുരഭിലമാക്കും.
ഉദയസൂര്യൻ്റെ ചുംബനങ്ങൾ ഉയിരുനൽകുന്ന അരുവികളും, മാനത്തേയ്ക്ക് വില്ലു കുലച്ചപ്പോലെ കാറ്റിൽ ഇളകിയാടി നിൽക്കുന്ന വൃക്ഷതലപ്പുകളും, കാർവണ്ടുകളെയും വർണ്ണശലഭങ്ങളെയും ആകർഷിക്കാൻ പൂംതേൻ നിറച്ചൊരുങ്ങി നില്ക്കുന്ന പൂച്ചെടികളും പരസ്പരം കിന്നരിയ്ക്കാൻ പ്രണയേതാക്കളെ മാടി വിളിക്കുന്നു...
വൈകീട്ടാണെങ്കിൽ, കടലിനെ ചുംബിക്കുന്ന ചന്തനചോപ്പുള്ള സൂര്യനൊപ്പം കിന്നാരം പറഞ്ഞും ഇരിക്കാം..,
മൂവന്തി മയങ്ങിയാൽ, ഇരുളിൻ്റെ നടുവിൽ പറക്കുന്ന തിരിപ്പോലെ, മിന്നാമിനുങ്ങിൻ വെളിച്ചത്തിൽ തകരപ്പാട്ടയുടെ സുക്ഷിരത്തിലൂടെയെന്നപ്പോലെ നക്ഷത്രവും കണ്ട് പ്രണയിനിയോട് കിന്നാരം പറഞ്ഞിരിയ്ക്കാം...
മാനത്തെ അമ്പിളി കൂട്ടുണ്ടെങ്കിൽ പിന്നെ സ്വർണ്ണത്തോട് സുഗന്ധം ചേർത്തപ്പോലെ...
പ്രണയവാരം ഒന്നാം ദിനം🌹 Rose Day...
നീയാ പൂവെന്തു ചെയ്തു..?
ഏതു പൂവ്..?
ഞാന്‍ തന്ന രക്ത നക്ഷത്രം പോലെ കടും ചുവപ്പു നിറമാര്‍ന്ന ആ പൂവ്..!
ഓ..അതോ ..?
ആ…അതു തന്നെ.!
തിടുക്കപ്പെട്ടന്വേഷിക്കുന്നതെന്തിന്.?
ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാന്‍..!
അങ്ങനെ ചെയ്‌തെങ്കിലെന്ത്..?
ഒന്നുമില്ല…….
അതെന്റെ ഹൃദയമായിരുന്നു.
ബഷീറിന്റെ പ്രേമലേഖനത്തിലെ ഈ വരികളിൽ നിന്ന് ചുവന്ന പനിനീർപൂവും പ്രണയവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാവുന്നതെയുള്ളൂ...
അന്നും ഇന്നും ഏതാണ് പ്രണയപുഷ്പം, ഒറ്റ ഉത്തരമേയുള്ളൂ. അത് റോസാപ്പൂ മാത്രം! മറ്റൊരാളോടുള്ള പ്രണയത്തെ പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല പ്രതീകമാണ് ഓരോ റോസാപുഷ്പങ്ങളും.
അതിൻ്റെ നൈർമ്മല്യതയും, ഭംഗിയും, നിറവുമായിരിയ്ക്കാം അതിനു കാരണം.
നിറങ്ങളുടെ കാര്യത്തിൽ റോസാപ്പൂക്കൾ കേമന്മാരാണ്.
പല നിറത്തിലുള്ള റോസാപൂക്കൾ നമുക്കുചുറ്റും വിടർന്നു നിൽക്കുന്നു.
ഓരോ നിറവും നമ്മുക്കായി വ്യത്യസ്ത അർത്ഥതലങ്ങളെയാണ് ചൂണ്ടികാണിക്കുന്നത്. ചുവന്ന റോസ് പുഷ്പങ്ങൾ പ്രണയത്തെയും പ്രണയത്തിൻ്റെ ഓർമ്മകളെയുമാണ് സമ്മാനിക്കുന്നതെങ്കിൽ മഞ്ഞ റോസാപ്പൂക്കൾ പങ്കാളികൾ തമ്മിലുള്ള സൗഹൃദത്തെയാണ് പ്രതിനിധീകരിക്കുന്നത്.
വെളുത്ത റോസാപ്പൂവ് ഒരു പുതിയ തുടക്കത്തെയോ അല്ലെങ്കിൽ വിവാഹത്തെയോ പ്രതിനിധീകരിക്കുന്നു.
ഒരു ചുവന്ന റോസാ പൂ കൊടുത്ത് മനസ്സിൽ സൂക്ഷിച്ച പ്രണയത്തെ തുറന്നു പറയാം...
Happy Rose day🌹🌹🌹
പ്രണയവാരം രണ്ടാം ദിനം🌹🌹Propose Day...
പ്രണയം മനസ്സിൽ മൊട്ടിട്ടു തുടങ്ങിയവർക്ക് പ്രണയം തുറന്നു പറയാനുള്ള അവസരമാണിന്ന്.
നിസ്വാർത്ഥമായ സ്നേഹത്തെ ദ്യോതിപ്പിക്കുന്ന മലയാള വാക്കാണ് പ്രണയം.
ഒരു കാരണത്തോടോ വ്യക്തിയോടോ ഇടത്തൊടൊ ഒക്കെ ഒരാൾ ' പുലർത്തേണ്ട അഗാധവും തീവ്രവും അളവില്ലാത്തതുമായ സ്നേഹമാണ് പ്രണയം...
പുലരികൾ പോലെയാണ് പ്രണയവും.., ഒരിക്കലും അവസാനിക്കാതെ...
പൂക്കളോട് പുഴയോട് കാറ്റിനോട് കിളികളോട് വാക്കുകളോട് വരകളോട് പെണ്ണെ നിന്നോട്...
മനസ്സിൽ ഒരിക്കലും പ്രണയം അവസാനിക്കാതെ...
Happy propose Day💐💐💐
പ്രണയവാരം മൂന്നാം ദിനം🌹🌹🌹 chocolate Day...
പ്രണയിക്കുന്നവരുടെ പ്രിയപ്പെട്ട ദിനമാണിന്ന്.
ശുഭകാര്യങ്ങൾ തുടങ്ങും മുമ്പ് അല്പം മധുരം കഴിക്കുന്നതുപ്പോലെ propose dayയ്ക്കു ശേഷം chocolate കഴിച്ച് പ്രണയം ആരംഭിക്കുന്നു...
ഒരിക്കലും അവസാനിക്കാത്ത പ്രണയം❤️❤️❤️
പരസ്പരം ചോക്കലേറ്റ് സമ്മാനിക്കുമ്പോളുള്ള ശുഭാംശംസയും അത് തന്നെയാണ് - പ്രണയജീവിതം മധുരിതമാകട്ടെ!
അല്ലേലും പ്രണയം മധുരമല്ലേ...
ഈ ദിനത്തെ സുന്ദരമാക്കാൻ...
വാനമ്പാടികൾ മീട്ടുന്ന മാന്ത്രിക സംഗീതത്തിനൊപ്പം പ്രകൃതി പ്രകടനങ്ങളുമായി എത്തി കഴിഞ്ഞു.
ഇന്നലെ യാത്ര ചോദിച്ചു പോയ പ്രഭാതം വീണ്ടും തിരിച്ചെത്തിരിക്കുന്നു.
സൂര്യൻ തന്റെ ചുടു ചുംബനത്താൽ ഭൂമിയ്ക്ക് മധുരം വിളമ്പുന്നു. ഉദ്യാനത്തിലെ പ്രിയപ്പെട്ടവരോട് കുശലം ചോദിക്കാൻ എത്തിയ ചിത്രശലഭങ്ങൾക്കും തേനീച്ചകൾക്കും ചെടികൾ തേനിൽ മുക്കിയ ചോക്ക് ലേറ്റ് നൽകുന്നു...
പ്രണയം മധുരമാണ്...
പ്രണയവാരം നാലാം ദിനം🌹🌹🌹🌹 Teddy Day....
പ്രണയിക്കുന്നവർക്ക് സമ്മാനങ്ങള്‍ നല്‍കി തന്‍റെ പ്രണയം ഓര്‍മ്മിപ്പിക്കാനുമുള്ള ദിനം...
പേരു സൂചിപ്പിക്കുംപ്പോലെ Teddy bear ആണ് പ്രണയസൂചകം.
നനുത്ത രോമങ്ങളുള്ള, ഓരോ സ്പർശനത്തിലും മനസിൽ സ്നേഹം നിറയ്ക്കുന്ന ഒരു ടെഡിബെയർ.
ഒരു ഫീലിംഗ് ഗുഡ് ഹഗ് ആഗ്രഹിക്കുമ്പോൾ ചേർത്തു പിടിച്ച് സാമീപ്യം അറിയാനും അതിൻ്റെ മിനുസമുള്ള രോമങ്ങളിൽ മുഖം ചേർക്കുമ്പോൾ പ്രണയം അനുഭവിയ്ക്കാനും കഴിയുന്നുണ്ടെങ്കിൽ അത് തന്നെയാണ് പ്രണയത്തിൽ ടെഡിബെയറുകൾക്കുള്ള പ്രാധാന്യം.
പ്രണയത്തിൻ്റെ ഇടനിലക്കാരനായി ടെഡിബെയറുകൾ സ്ഥാനം പിടിച്ചിട്ട് വർഷങ്ങളായി.
കാലമെത്ര കഴിഞ്ഞാലും ഓരോ പ്രണയത്തിലും കുഞ്ഞു ടെഡികൾ കൈമാറ്റം ചെയ്യപ്പെടും അത് തീർച്ചയാണ്.
അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന തിയോഡർ റൂസ്‌വെൽറ്റ് ഒരിയ്ക്കൽ വേട്ടയ്ക്ക് പോയ സമയത്ത് കുഞ്ഞു കരടിക്കുട്ടികളെ ഷൂട്ട് ചെയ്യാതിരിയ്ക്കാൻ ശ്രധിയ്ക്കുകയും മറ്റുള്ളവരോടും അത് പാലിയ്ക്കാൻ പറയുകയും ചെയ്തു. കുഞ്ഞ് കരടിക്കുട്ടികളെ സംരക്ഷിയ്ക്കാനുള്ള ആ ആശയത്തിൽ നിന്നാണ് ടെഡി ബെയർ കളിപ്പാട്ടമായി മാറിയത്. പെൺകുട്ടികൾ ഇവയെ ഏറെ ഇഷ്ടപ്പെടുന്നു എന്നതിനാൽ പിന്നീട് അത് പ്രണയ സമ്മാനങ്ങളുടെ രൂപത്തിലുമെത്തി.
കരടി കുട്ടിയുടെ നനുന്നനെയുള്ള രോമങ്ങൾക്കിടയിലൂടെ കൈകൾ ഓടിച്ച് രോമാഞ്ചം കൊള്ളാനും പ്രണയ പരവേശത്തിൻ്റെ വേലിയേറ്റത്തെ ചേർത്ത് പിടിച്ചമർത്താനും ഒരു ടെഡിബെയർ, സത്യത്തിൽ അത് ആര് സമ്മാനിച്ചോ അതയ്യാൾക്കുള്ളതാണ്...
🐻🐻🐻🐻🐻🐻🐻🐻🐻
പ്രണയവാരം അഞ്ചാം ദിനം🌹🌹🌹🌹🌹 Promise Day...
പ്രണയത്തിൻ്റെ മാസ്മരിക പ്രപഞ്ചം തീർത്ത് അഞ്ചാം ദിനം പ്രോമിസ് ഡേയായ് ആഘോഷിക്കുന്നു.
ആ പേരിൽ തന്നെയുണ്ട് കാര്യം.
പ്രണയിനിയും പ്രണയിതാവും ഈ ദിവസം ഒരിക്കലും ലംഘിക്കാത്ത വാഗ്ദാനങ്ങൾ നൽകുന്നു.
ചന്ദ്രനും സൂര്യനുമപ്പുറം എനിക്ക് വേണ്ടത് നിന്നെ മാത്രമാണ്...
ജലത്തേക്കാൾ, റോസാപ്പൂക്കളേക്കാൾ, നീയാണ് എന്റെ ജീവന്റെ മഞ്ഞുകണമാവുന്നത്.
നിന്നെ കണ്ടുമുട്ടിയത് ഒരു ഭാഗ്യം തന്നെയായിരുന്നു.
പ്രണയിതാക്കളായി മാറിയത് കാലത്തിന്റെ കാൽപ്പനികതയും...
നിന്നെ സ്നേഹിക്കുന്നതു തന്നെ എന്റെ ജീവന്റെ തുടിപ്പിനുവേണ്ടിയാണ്... നീയാണ് എന്റെ ആശ്വാസം, പ്രതീക്ഷയും...
എന്നും നീ എന്റെ ജീവന്റെ കാവലാളാകൂ...
ഹാപ്പി പ്രോമിസ് ഡേ!
🤝🤝🤝🤝🤝🤝🤝🤝🤝🤝
പ്രണയവാരം ആറാം ദിനം🌹🌹🌹🌹🌹🌹 Hug Day...
ഒരു ആത്മാർഥമായ, പ്രണയം നിറഞ്ഞ ഹഗ് എത്രത്തോളമാണ് പ്രണയികളെ ചേർത്ത് നിർത്തുന്നത്, അത്രയും തന്നെ വാലന്റൈൻസ് ദിനത്തോട് ചേർന്ന് നിൽക്കുന്നതാണ് ഹഗ് ഡേ.
രണ്ടുപേർ ഒരേ മനസോടെ ചേർത്ത് പിടിക്കുമ്പോൾ രണ്ടു ലോകങ്ങൾ ഒന്നാകുന്നതിന് തുല്യമാണ്.
ആലിംഗനം എല്ലായ്പ്പോഴും അനുഭൂതിയും, അഭയവും നൽകുന്ന ഒന്നാണ്.
നെഞ്ചിൻ കൂട്ടിൽ ഹൃദയം എങ്ങനെയാണൊ സൂക്ഷിക്കപ്പെടുന്നത് അതുപ്പോലെ അവൻ്റെ വിശാലമായ നെഞ്ചിൻ കൂട് അവൾക്ക് അഭയമാകുന്നു.
പ്രണയമെന്ന മനോഹര വികാരമാണ് ആലിംഗനത്തിൻ്റെ അടിസ്ഥാനമെങ്കിൽ അത് നൽകുന്ന അനുഭൂതി വിവരിക്കാൻ കഴിയാത്തതുമാണ്.
പരസ്പരം തോന്നുന്ന സ്നേഹത്തിന്റെയും ഊഷ്മളതയുടെയും പ്രതീകമാണത്.
ഹഗ് ഡേയിൽ പ്രണയികൾ പരസ്പരം കാണുന്നതിനും ഒരു ഹഗ് നൽകുന്നതിനും ശ്രമിക്കാറുണ്ട്.
എന്നാൽ നെഞ്ചോട് ചേർത്ത് നിർത്താൻ കഴിയാത്ത അകലത്തിലാണെങ്കിലോ? ഹൃദയത്തിൽ പതിയുന്ന നിങ്ങളുടെ വാക്കുകൾ തന്നെയാണ് മറുവഴി. നിങ്ങളുടെ ആലിംഗനത്തോളം വരില്ലെങ്കിലും നിങ്ങൾ ചേർത്ത് പിടിച്ചതായി തോന്നിപ്പിക്കാൻ പ്രണയം നിറഞ്ഞ വാക്കുകൾക്ക് കഴിയും...
ഞാൻ എൻ്റെത് എന്ന വാക്കുകൾക്ക് കടുകുമണിയോളം വലിപ്പമെ ഉള്ളുവെങ്കിലും അത് പ്രാണൻ്റെ സമസ്ത മേഖലകളെയും പിടിച്ചുകുലുക്കുന്ന ഒന്നാണ്.
പ്രണയിനിയെ ചങ്കോട് ചേർത്ത് ആശ്ലേഷിച്ച് നീ എൻ്റെതാണ്, എൻ്റെതു മാത്രം... എന്നു മൊഴിയുമ്പോൾ അവൾ അനുഭവിക്കുന്ന ഉന്മാദം വാക്കുകൾക്ക് അപ്പുറമാണ്.
ചങ്കോട് ചേർത്താൽ എന്തും സ്നിഗ്ദമാകും, സുഗന്ധം പരത്തുന്നതാകും.
Happy Hug Day 🫂🫂🫂
പ്രണയവാരം ഏഴാം ദിനം🌹🌹🌹🌹🌹🌹🌹 Kiss Day...
പ്രണയിക്കുന്നവർക്ക് ആദ്യാനുരാഗത്തിൽ വാക്കുകൾ അവസാനിക്കാറേയില്ല...
പിന്നീട് അത് ആഴത്തിൽ എത്തുമ്പോൾ മൊഴികൾക്കു പകരം മിഴികൾ സംസാരിക്കുന്നു.
അടിതട്ടിൽ, ഏറ്റവും ആഴത്തിലുള്ള വികാരങ്ങളും വാത്സല്യവും പ്രകടിപ്പിക്കാൻ ഒരു നനുത്ത ചുംബനം മാത്രം മതി.
പ്രണയിക്കുന്നവർക്ക് പരസ്പരം ഉള്ളറിഞ്ഞ് കൈമാറാനാവുന്ന ഏറ്റവും വിലകൂടിയ സമ്മാനം തന്നെയാണ് ചുംബനങ്ങൾ.
ഒരു ചുംബനം പ്രിയപ്പെട്ട ഒരാൾക്ക് വേണ്ടി കരുതിവക്കുന്ന അത്രയും സ്നേഹാർദ്രമായ മറ്റൊരു വികാരം ഈ ലോകത്ത് വേറെ എന്തുണ്ട്.
നമ്മുടെ ജീവിതത്തിൽ നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്ന, ഒരിക്കലും വിട്ടു കളയാൻ ആഗ്രഹിക്കാത്ത ഒരാളെ ചേർത്തുനിർത്തി അവന്റെ / അവളുടെ കൈകളിൽ, കവിൾത്തടങ്ങളിൽ, ചുണ്ടുകളിൽ ഒരു മൃദു ചുംബനം നൽകുമ്പോൾ ഈ ലോകം നമ്മളിലേക്ക് മാത്രമായി ചുരുങ്ങും...
Happy Kiss Day😘😘😘
Valentine's Day 💓💓💓💓💓💓
പ്രണയമാണ്... വാക്കുകളോട്, വരകളോട്, കാറ്റിനോട്, കടലിനോട്, പുഴയോട്, സർവ്വോപരി നിന്നൊട്...
കുറിച്ചിടണമെന്നുണ്ട് എന്നിലെ പ്രണയഭാവങ്ങളെ...,
പക്ഷേ അക്ഷരങ്ങൾ അകലം പാലിച്ച് എന്നോട് പരിഭവിച്ചു നിൽക്കുന്നു, അക്ഷരങ്ങളിലൊതുക്കുവാനാകുമോ എന്നൊതിക്കൊണ്ട്.
എങ്കിലും, ആരുമറിയാതെ നിനക്കെഴുതാൻ കാത്തുവച്ച അക്ഷരങ്ങളിൽ പ്രണയത്തിൻ്റെ മഷി പുരളുമ്പോൾ ആ വായനയ്ക്ക് ഒരു പ്രത്യേക സുഖം തോന്നുമെന്നനിക്കറിയാം..
പ്രഭാതങ്ങളെ തരളിതമാക്കുന്ന മഞ്ഞുകണങ്ങളിലും, നിലാവ് ചുരത്തുന്ന രാത്രികളിലും നിൻ്റെ മുഖം കാണാൻ തുടങ്ങിയതിൽപ്പിന്നെ നീയാണ് എൻ്റെയെല്ലാം...
ഇപ്പോൾ ഞാൻ കാണുന്നതിലെല്ലാം നീയാണ്, നിൻ്റെ ഓർമ്മകളാണ്.
നിന്നിൽ ഞാനുമെ എന്നിൽ നീ ഇങ്ങനെ നാം എന്ന് പാടും പോലെ...
നീ ആകുന്ന കടലിൽ ഞാൻ ആകുന്ന പുഴ ചേരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഇപ്പോൾ ഞാൻ ഓരോ കരകളെയും തൊട്ടും തലോടിയും ശാന്തമായി നിന്നിലേക്കൊഴുകുകയാണ്.
കമിതാക്കൾ പറയുന്ന കേട്ടിട്ടുണ്ട്: ഒഴുകാത്ത പുഴയും പ്രണയിക്കാത്ത മനസ്സും നിർജീവമാണെന്ന്.
കടലോളം പ്രണയം, ആകാശത്തോളം വിശാലം... നിന്നോടൊപ്പമായിരിക്കണം, നിന്നോട് ചേർന്നിരുന്ന്, എൻ്റെ പ്രണയം തുടിക്കുന്ന ഹൃദയത്തിൻ്റെ ഇരമ്പൽ നിന്നെ കേൾപ്പിക്കണം,
തിരകൾ തലോടുന്ന തീരത്തിലൂടെ കൈകൾ ചേർത്തു പിടിച്ചു നടക്കണം,
പിന്നെ എവിടെയെങ്കിലും സ്വസ്ഥമായിരുന്ന് വാതോരാതെ വിശേഷങ്ങൾ പറഞ്ഞ് അടുത്തിരിക്കണം.
നാമറിയാതെ മിഴികൾ പോലും വാചാലമാകണം.
മൊഴികളിൽ പറയാതെ മിഴികളിൽ പറയുന്ന മൗന നിസ്വനമാണല്ലോ പ്രണയത്തിൻ്റെ അഗാധത...
നിറയെ ആളുകൾ ഉണ്ടെങ്കിലും നമ്മുടേതായ ഒരു കൊച്ചു ലോകത്തെ സൃഷ്ടിക്കണം,
കേൾക്കുന്ന പല്ലവികൾക്കും, കരയെ തലോടുന്ന തിരകൾക്കും, അതിൻ്റെ ഇരമ്പലിനും നമ്മുടെ ഹൃദയങ്ങളെ ചേർത്തുവയ്ക്കാനാകണം...
ഇനിയും എഴുതണമെന്നുണ്ട്, പക്ഷേ, നിറുത്താണ്.
പൂനിലാവുള്ള രാത്രിയില് വീണ്ടുമെഴുതാം...
നീയും, പറയാതെ ഒളിപ്പിച്ച എന്നോടുള്ള പ്രണയത്തിൻ്റെ ശീലുകൾക്കായ് ഞാൻ കാത്തിരിക്കുന്നു...
Happy Valentine's Day 🌹🌹🌹
No comments:
Post a Comment